ഇതൊരു ചരിത്രം... മലങ്കരയില്‍ ആദ്യമായി ഒരു യുവജനപ്രസ്ഥന യുണിറ്റ് ഒരു മാസിക പുറത്തിറക്കിയ യുവത്വത്തിന്‍റെ ചരിത്രം. 1984ല്‍ കൈ എഴുത്ത് മാസികയായി തുടക്കം... പിന്നീട് അച്ചടിശാലയിലേക്ക്....
1987 ഡിസംബർ 13 ന് പ്രകാശനം ചെയ്ത മാസികയില്‍ ഉണ്ടായിരുന്ന പരിശുദ്ധ ബാവായുടെ കല്പന. ഈ പരിശുദ്ധ പിതാവാണ് ഈ മാസിക പ്രകാശനം ചെയ്തത്....
1987 ഡിസംബർ 13-ന് പ്രകാശനം ചെയ്ത മാസികയിൽ ഉണ്ടായിരുന്ന പരിശുദ്ധ ബാവായുടെ കല്പന
ഭാരതത്തിലെ വിശുദ്ധ സ്തേഫാനോസിന്റെ നാമത്തിലുള്ള പ്രഥമ ദേവാലയമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രം പുറത്തിറങ്ങിയിട്ട് 2026-ൽ നാല്പത്തിരണ്ടു പൂർത്തിയായി. അക്ഷരങ്ങൾ അനശ്വരങ്ങളാണെന്ന് തിരിച്ചറിവിൽ 1984-ൽ പള്ളിഭാഗം യുവജനപ്രസ്ഥാനമെന്ന യുവജനകൂട്ടായ്മയിൽ പിറവികൊണ്ട ഈ ശുശ്രൂഷ 42 വർഷങ്ങൾ പിന്നിടുമ്പോൾ സർവ്വശക്തനായ ദൈവത്തെ നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു.
യുവദീപ്തി - ദീപ്തമായ ശുശ്രൂഷ
യുവദീപ്തിയുടെ തുടക്കം മുതൽ ഇക്കാലമത്രയും ഇതിനെ അക്ഷരശുശ്രൂഷയായിട്ടാണ് പള്ളിഭാഗം യുവജനപ്രസ്ഥാനം കരുതിയിട്ടുള്ളത്. കേവലം ഒരു ത്രൈമാസികയും, അതിലൊെന്തെങ്കിലും ഒക്കെ ചേർത്തുപ്പിച്ച് പുറത്തിറക്കുക, ലാഭം കണ്ടെത്തുക എന്നതായിരുന്നില്ല ഇതിന്റെ പിന്നിലെ ചേതോവികാരം. പൌരാണികമായ ഈ സഭയെയും അതിന്റെ സവിശേഷതകളെയും ലോകത്തിനും സമർപ്പിക്കുകയും പരിചയപ്പെടുത്തുകയും അതുവഴി ദൈവരാജ്യത്തിന്റെ മഹത്വത്തിനായി പ്രവർത്തിക്കുകയുമാണ് യുവദീപ്തിയിലൂടെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഇക്കാലമത്രയും നിർവഹിച്ചിട്ടുള്ളത്.
വിനീതമായ തുടക്കം
'All great things have humble beginnings' എന്നാണല്ലോ മഹദ്വാക്യം. യുവദീപ്തിയെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാണ്. ഈ ത്രൈമാസികയുടെ തുടക്കം ഒരു കൈയെഴുത്ത് സൃഷ്ടിയായിട്ടായിരുന്നു. അവിടെ നിന്നുള്ള വളർച്ചയുടെ പടവുകളിലാണ് നാം ഇന്ന് യുവദീപ്തിയെ സ്വീകരിക്കുന്നത്. കൈയെഴുത്ത് മാസികയിൽ നിന്ന് ഇന്റർനെറ്റ് എഡിഷൻ വരെയുള്ള വളർച്ചയുടെ പടവുകളിൽ തുണയായത് സർവ്വശക്തന്റെ കൃപ മാത്രം. ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ കൈയെഴുത്തുമാസികയായി രൂപപ്പെട്ടപ്പോൾ തന്നെ ക്രമീകൃതമായ ഒരു ഭരണസംവിധാനത്തിലൂടെയാണ് യുവദീപ്തിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയിട്ടുള്ളത്. 30.6.1984-ൽ പാസാക്കിയ യുവദീപ്തിയുടെ നിയമാവലി ഈ കാര്യം തെളിയിക്കുന്നു. കാര്യങ്ങളെ ദീർഘവീക്ഷണത്തോടുകൂടി കാണുവാൻ കഴിഞ്ഞ ഒരു തലമുറയിൽ പിറവി എടുത്ത യുവദീപ്തിയെ ഇന്നലെയോളം മുന്നോട്ടു പോകുവാൻ ഒരു കാരണമായി തീർന്നുവെന്നതു യാഥാർത്ഥ്യമാണ്.
വളർച്ചയുടെ പടവുകളിൽ
1984-ൽ കൈയെഴുത്തു മാസികയായി രൂപം കൊണ്ട് യുവദീപ്തി പിന്നീട് വളർച്ചയുടെ വിവിധ പടവുകളിലൂടെ കടന്നുപോയി. 1987-ൽ കൈയെഴുത്തിൽ നിന്ന് അച്ചടിശാലയിലേക്ക് ഉള്ള മാറ്റം മാസികയുടെ രൂപത്തിലും ഭാവത്തിലും വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. വായന കൂടുതൽ ആസ്വാദകരമാക്കുവാനും ഈ ശുശ്രൂഷ കൂടുതൽ ഫലപ്രദമാവാനും ഈ മാറ്റം ഉപകരിച്ചു.
വളർച്ചയുടെ ഈ ഘട്ടത്തിൽ സ്വാഭാവികമായും ഏതൊരു സംരംഭത്തിനും നേരിടേണ്ടിവന്ന പരീക്ഷകൾ യുവദീപ്തിക്കും നേരിടേണ്ടിവന്നുവെന്നുള്ളത് ഒരു ചരിത്രസത്യം. ഒരുപക്ഷേ, 'യുവദീപ്തി' എന്ന അക്ഷരശുശ്രൂഷ തന്നെ ഇല്ലാതാക്കാമായിരുന്ന തരത്തിൽ പ്രതിസന്ധികൾ പ്രക്ഷുബ്ധമായപ്പോൾ ഈ പ്രസ്ഥാനത്തിന് ദൈവത്തിന്റെ ഇടപെടൽ ഉണ്ടായത് മലങ്കര സഭയുടെ അന്നത്തെ കാതോലിക്കാ ബാവായിലൂടെയാണ്.
'യുവദീപ്തി'യുടെ ആശയങ്ങളും ആവിഷ്കാരങ്ങളും സൂക്ഷ്മം നിരീക്ഷിച്ചറിഞ്ഞ പരിശുദ്ധ ബാവാ തിരുമേനി യുവദീപ്തിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും, ഇതിന്റെ ആശയവിഷ്കാരങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. അത് പരിശുദ്ധ പിതാവ് കൈക്കൊണ്ട ധീരമായ നിലപാട് യുവദീപ്തിയെ ഭാവി ശോഭനമാക്കി. അതിലൂടെ യുവദീപ്തി പരിശുദ്ധ സഭയുടെ അംഗീകാരമുദ്ര ഏറ്റുവാങ്ങി 1987 ഡിസംബർ 13-ന് അച്ചടിക്കപ്പെട്ട യുവദീപ്തിയുടെ ആദ്യ ലക്കം പരിശുദ്ധ മാത്യൂസ് പ്രഥമാനൻ ബാവായുടെ തൃക്കരങ്ങളാൽ കുടശ്ശനാട് വച്ച് പ്രകാശനം ചെയ്തു.
ആദ്യകാലങ്ങളിൽ അച്ചു നിരത്തിയ അച്ചുകൂടങ്ങളിൽ യുവദീപ്തി അച്ചടി മഷി പുരണ്ടെങ്കിൽ പിന്നീട് വിവര സാങ്കേതികവിദ്യയുടെ വരവിലൂടെ ഓഫ്സെറ്റ് പ്രിന്റിംഗിന് വഴിമാറി. ഇതും വായന കൂടുതൽ ആസ്വാദകരമാക്കുവാൻ സഹായിക്കുന്നു. ഇന്ന്, അച്ചടിയോടൊപ്പം തന്നെ ഇന്റർനെറ്റ് എഡിഷനും പ്രസിദ്ധീകരിച്ചുവരുന്നു.
യുവദീപ്തിയുടെ തന്നെ ഉപപ്രസിദ്ധീകരണമായി പെരുന്നാളിനോടനുബന്ധിച്ച് 'ദിവ്യന്റെ പാതയിൽ' എന്ന പ്രസിദ്ധീകരണവും കുടശ്ശനാട് കത്തീഡ്രൽ പെരുന്നാളിനോടനുബന്ധിച്ച് പെരുന്നാൾ പതിപ്പും പ്രസിദ്ധീകരിച്ചുകൊടുണ്ട്.
'യുവദീപ്തി' ലിപിയും മുദ്രയും
യുവദീപ്തി ത്രൈമാസികയുടെ ചരിത്രത്തിലെ മറ്റൊരു വിസ്മയമാണ് അതിന്റെ പ്രത്യേക ലിപിയും ലോഗോയും. ഡി.ടി.പിയെക്കുറിച്ചും വിവിധ ലിപിഘടനകളെക്കുറിച്ചും അതിന്റെ വൈവിധ്യങ്ങളെക്കുറിച്ചുമൊക്കെ നാം പരിചയപ്പെടുത്തുന്നതിന് മുമ്പ് തന്നെ 'യുവദീപ്തി'ക്ക് ഒരു ലിപി വേണമെന്നും തീരുമാനിച്ചു ഒരു കലാകാരന്റെ സഹായത്തോടെ രൂപകൽപ്പന ചെയ്തതും ഒരു ലോഗോ പുറത്തിറക്കിയും ചരിത്രത്തിന്റെ ഏടുകളിൽ തിളങ്ങിനിൽക്കുന്ന ഒന്നാണ്.
വേറിട്ട വഴികൾ
യുവദീപ്തിയുടെ സഞ്ചാരപഥങ്ങൾ മുൻപ് കണ്ടുശീലിച്ച വഴികളായിരുന്നില്ല മറിച്ച് അക്ഷരവിപ്ലവങ്ങൾക്ക് നാന്ദികുറിക്കുവാൻ യുവദീപ്തിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നും നിരാലംരുടെയും അവസരുടെയും വേദനിക്കുന്നവരുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും പക്ഷത്തു നിന്നാണ് യുവദീപ്തി സംസാരിച്ചിട്ടുള്ളത്. അതുവഴി ദൈവരാജ്യ പ്രഘോഷണത്തിനും, പരിശുദ്ധ സഭയുടെ ആരാധനാ ജീവിതത്തിനും കൂടുതൽ ഊന്നൽ കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
40-ാം വാർഷികാഘോഷങ്ങൾ
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 2024 മെയ് 5 ഞായറാഴ്ച്ച വി.കുർബ്ബാനാനന്തരം വന്ദ്യ ഇയ്യോബ് ഒ. ഐ. സി അച്ചനും, ഇടവക വികാരി ബഹു. വിൽസൺ ശങ്കരത്തിൽ അച്ചനും, സഹവികാരി ബഹു. ടിനോ തങ്കച്ചൻ അച്ചനും, ഇടവകയുടെയും യുവജനപ്രസ്ഥാനത്തിന്റയും യുവദീപ്തിയുടെയും ഭാരവാഹികളും ചേർന്ന് വാർഷികാഘോഷങ്ങളുടെ പ്രത്യേക ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി.
30-ാം വാർഷികാഘോഷങ്ങൾ
യുവദീപ്തി 30 ആം വാർഷിക ആഘോഷങ്ങളുടെ ലോഗോ
യുവദീപ്തി ത്രൈമാസികയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ കണ്ടനാട് ഈസ്റ്റ് ഭ്ദാസനാധിപൻ അഭിന്ദന്യ. ഡോ. തോമസ് മാർ അത്താാനാസിയോസ് ഉദ്ഘാടനം ചെയ്തു. ഒ.വി.വൈ.എം. വൈസ് പ്രസിഡന്റ് ഫാ. മാത്യു ഏബ്രഹാം, ഒ.സി.വൈ.എം. സെക്രട്ടറി ശ്രീ. ജോബിൻ ജോർജ്ജ്, വികാരി ഫാ. എച്ച്.പി. സാം, അസി. വികാരി ഫാ. തോമസ് വർഗ്ഗീസ് കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു. മുപ്പതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് നിരവധി കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
തപാൽ സ്റ്റാമ്പ്: യുവദീപ്തി ത്രൈമാസികയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര തപാൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇതാദ്യമായാണ് തപാൽ വകുപ്പ് ഒരു ക്രിസ്തുമസ് പ്രസിദ്ധീകരണത്തിനായി സ്റ്റാമ്പ് പുറത്തിറക്കുന്നത്. സ്റ്റാമ്പിന്റെ പ്രകാശനം ആർ. രാജേഷ് എം.എൽ.എ. നിർവഹിച്ചു.
അക്ഷരജ്യോതി പ്രയാണം: യുവദീപ്തി ത്രൈമാസികയുടെ 30-ാം വാർഷിക സമാപനത്തോടനുബന്ധിച്ചുള്ള അക്ഷരജ്യോതി പ്രയാണം ജനുവരി 17-ാം തീയതി കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച് കണ്ണങ്കോട് വലിയപള്ളി കരുവാറ്റ പള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കുടശ്ശനാട് ജംഗ്ഷനിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെടുകൂടി ഇടവക സ്വീകരിച്ചു. റവ. എച്ച്.പി. സാം, റവ. ഫാ. തോമസ് വർഗ്ഗീസ്, റവ. ഫാ. സ്റ്റീഫൻ വർഗ്ഗീസ്, ശ്രീ. ജോർജ്ജ് വർഗ്ഗീസ്, പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനം എന്നിവരുടെ സ്വീകരണം ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നു.
യുവദീപ്തി സമാപന സമ്മേളനം, സീനിയർ ഫോറം സമ്മേളനം: പ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തിയുടെ 30-ാം വാർഷിക ആഘോഷ സമാപനം 2015 ജനുവരി 21ന് നടത്തപ്പെട്ടു. വികാരി റവ.ഫാ. ഐപ്പ് സാംന്റെ അദ്ധ്യക്ഷതയിൽ ഡീക്കൻ വിവേക് വർഗ്ഗീസ് സ്വാഗതവും തിരുവനന്തപുരം ഭ്ദാസനാധിപനും യുവദീപ്തി ഉപദേശക സമിതി അംഗവുമായ അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി മുഖ്യപ്രഭാഷണവും നടത്തി. കേരള കലാമണ്ഡലം വൈസ് ചാൻസിലർ ടി.എൻ. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. ജെസൺ, റവ.ഫാ. തോമസ് വർഗ്ഗീസ്, റവ. ഫാ. സ്റ്റീഫൻ വർഗ്ഗീസ്, ശ്രീ. ജോൺ വർഗ്ഗീസ്, ജോൺസൺ കീപ്പള്ളിൽ, രാജീവ് വേണാട് എന്നിവർ സംസാരിച്ചു.
ഉപസംഹാരം
കടന്നു വന്ന വഴിത്താരകളിൽ എളിയ പ്രവർത്തനങ്ങൾക്ക് ഞങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് നന്ദി. ദീപ്തിക്കു തിരി തെളിച്ച പൂർവ്വസുരികൾക്ക് പ്രണാമം.